വിശുദ്ധ വഴിത്താരയില്‍ കട്ടുപുല്ല് മുളയ്കുമ്പോള്‍!!

The articles witten by devotees of SreeNarayanaGurudevan.

വിശുദ്ധ വഴിത്താരയില്‍ കട്ടുപുല്ല് മുളയ്കുമ്പോള്‍!!

Postby gopu » Fri Mar 09, 2012 5:54 am

വിശുദ്ധ വഴിത്താരയില്‍ കട്ടുപുല്ല് മുളയ്കുമ്പോള്‍!!

സജീവ് കൃഷ്ണന്‍, കേരളകൌമുധി
Posted on: Monday, 05 March 2012

തലശേരി ജഗന്നാഥക്ഷേത്രപരിസരത്തായി ഇരുനൂറോളം ശ്രീനാരായണമഠങ്ങളുണ്ട്. തലശേരിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തങ്കേശപ്പുരകള്‍ അഥവാ സങ്കേതപ്പുരകള്‍. ഇവയുടെ രൂപീകരണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. ഗുരുദേവന്‍ ഒരു ജനതയുടെ ഭക്തിയിലും അനുഷ്ഠാനകര്‍മ്മങ്ങളിലും അടിഞ്ഞുകൂടിക്കിടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത കഥ.

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഇളനീരാട്ടിന് തീയര്‍ ഇളനീര്‍ക്കാവുമായി പോകുന്ന ഒരു ആചാരമുണ്ടായിരുന്നു. അവര്‍ണന്‍ ഉച്ചരിച്ചാല്‍ ഈശ്വരനാമത്തിന്റെ ശുദ്ധികെടുമെന്നതിനാല്‍ അസഭ്യം വിളിച്ചുപറഞ്ഞുകൊണ്ടുവേണം ഇളനീരുമായി വരാന്‍ എന്നാണ് സവര്‍ണര്‍ ഉണ്ടാക്കിവച്ചിരുന്ന നിയമം. ഏതോ വിശുദ്ധകര്‍മ്മംപോലെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ വെല്ലുന്നവിധത്തില്‍ അസഭ്യവും വിളിച്ചുപറഞ്ഞുകൊണ്ട് തീയരുടെ ഒരുപാട് തലമുറകള്‍ വഴിപാട് നിറവേറ്റിക്കൊണ്ടിരുന്നു. വിവേകോദയത്തിന്റെ ഒരു ലക്കത്തില്‍ ഗുരുദേവന്‍ ഇങ്ങനെ എഴുതി. "ഇനി മേലാല്‍ തീയര്‍ അസഭ്യവര്‍ഷം നടത്തി കൊട്ടിയൂരേക്ക് ഇളനീരാട്ടിന് പോകേണ്ടതില്ല. ഒരു ദിവസത്തെ വ്രതമെടുത്ത് തലശേരി ജഗന്നാഥക്ഷേത്രത്തിലേക്ക് ഇളനീരാട്ടം നടത്തട്ടെ. അസഭ്യത്തിനുപകരം എല്ലാവരും "ഓം" എന്നുറക്കെ ജപിച്ചുകൊള്ളുക." ഹൃദയമാലിന്യം നീക്കി സ്വയം പവിത്രമാകാന്‍ ഓംകാരത്തെക്കാള്‍ നല്ലതായി മറ്റൊന്നുമില്ലെന്ന് തൃപ്പാദങ്ങള്‍ക്കറിയാമായിരുന്നു. തലശേരിയിലെ തീയര്‍ക്ക് ഈ ഗുരുമൊഴി സ്വയം അമൃതമായി. തലമുറകളുടെമേല്‍ കറപോലെ പറ്റിപ്പിടിച്ചിരുന്ന അഴുക്ക് ഒലിച്ചുപോയ സംതൃപ്തിയോടെ അവര്‍ തലശേരി ജഗന്നാഥന് ഇളനീരാട്ടം നടത്തി. പവിത്രമായ ഇളനീരണിഞ്ഞ ജഗന്നാഥന്‍ വിശുദ്ധിയുടെ സ്വര്‍ഗകവാടം അവര്‍ക്കായി തുറന്നുനല്‍കി. ഇളനീരാട്ടിന് പോകുന്നവര്‍ക്ക് തലേദിവസം വ്രതത്തോടെ താമസിക്കാന്‍ പറ്റിയ ഇടങ്ങളായി തുടങ്ങിയ തങ്കേശപ്പുരകളാണ് ഇന്നുകാണുന്ന ശ്രീനാരായണമഠങ്ങള്‍.

പുരാണത്തിലെ കൃഷ്ണകഥകളില്‍ ഒരു സന്ദര്‍ഭമുണ്ട്. അമ്പാടിയിലെ യാദവര്‍ ഉത്പാദിപ്പിക്കുന്ന പശുവിന്‍പാലുമുഴുവന്‍ മഥുരയില്‍ കംസന്റെ കൊട്ടാരത്തില്‍ എത്തിക്കണം എന്ന് രാജശാസനമുണ്ടായിരുന്നു. യാദവര്‍ക്ക് ആകെ അറിയാവുന്ന ജീവിതമാര്‍ഗം പശുവളര്‍ത്തല്‍ ആയിരുന്നു. പാല്‍മുഴുവന്‍ കംസന്‍ പിടിച്ചുവാങ്ങും. അതോടെ യാദവര്‍ സാമ്പത്തികമായി വളരെ പിന്നാക്കമായി. കൃഷ്ണന്‍ തന്റെ കൌമാരദശയില്‍ ഗോപാലരെ സംഘടിപ്പിച്ച്് ആദ്യം ചെയ്ത പ്രഖ്യാപനം "ഇനി മഥുരയിലേക്ക് പാല്‍ കൊടുക്കരുത്" എന്നാണ്. കംസനെ ഭയന്ന് കൃഷ്ണന്റെ വാക്കുകേള്‍ക്കാതെ പാലുമായി ഒളിച്ചുപോയ ഗോപാലരെയും ഗോപികമാരെയും യമുനയുടെ കരയില്‍വച്ച് കൃഷ്ണനും സംഘവും തടഞ്ഞു. അമ്പാടിയില്‍ നിന്ന് പാല്‍വരവ് നിലച്ചതോടെ കംസന്‍ തന്റെ ശത്രുവിന്റെ ബലം അറിഞ്ഞുതുടങ്ങി. ഇതേ അവസ്ഥയായിരുന്നു 1908 മേയ് ഒന്നാം തീയതി കൊട്ടിയൂരില്‍. ക്ഷേത്രത്തിലേക്ക് തെറിപ്പാട്ടുമായി ഇളനീര്‍ കൊണ്ടുവരാറുള്ള തീയര്‍ വരാതായതോടെ ജാതിരാക്ഷസന് തന്റെ ശത്രുവിന്റെ സാന്നിദ്ധ്യം മണത്തു. ഗുരുവിന്റെ വാക്കുകേള്‍ക്കാതെ ഇളനീരുമായി പോയ തീയരില്‍ ചിലരെ കൊറ്റ്യത്ത് രാമുണ്ണിയുടെ നേതൃത്വത്തിലുള്ള ഗുരുഭക്തര്‍ തടഞ്ഞ് പിന്തിരിപ്പിച്ചു. കംസനെ വധിച്ച് യാദവര്‍ക്ക് ആര്യാവര്‍ത്തത്തില്‍ കെട്ടുറപ്പുള്ള ഒരു സംസ്കാരവും നല്ല സാമൂഹ്യവ്യവസ്ഥയും കൃഷ്ണന്‍ കെട്ടിപ്പടുത്തു. എന്നാല്‍ സാമ്പത്തിക സ്ഥിരത വന്നതോടെ യാദവര്‍ സുഖലോലുപരായി. അവര്‍ മദ്യത്തിന് അടിപ്പെട്ടു. ഏതു സംസ്കാരത്തിന്റെയും അധഃപതനം അവിടത്തെ ജനതയ്ക്ക് മദ്യത്തോടുണ്ടാകുന്ന ആസക്തിയില്‍നിന്നാണ് തുടങ്ങുന്നത്. മദ്യത്തിലൂടെ മനസ്സുകളിലേക്ക് ഇരുട്ടിന്റെ ശക്തികള്‍ പരകായപ്രവേശനം നടത്തും. അതോടെ സമൂഹം സാംസ്കാരികമായും ഭൌതികമായും ആക്രമിക്കപ്പെടും. സദ്ജനങ്ങള്‍ക്ക് പ്രാണഭയം ഉണ്ടാക്കും. സ്ത്രീകള്‍ അപമാനിക്കപ്പെടും. കുട്ടികള്‍ ചൂഷണം ചെയ്യപ്പെടും. സമസ്തമേഖലകളിലും കള്ളനാണയങ്ങള്‍ കയറിപ്പറ്റും.

"കഷ്ടം ദീനംപിടിച്ചും മദിരയതുകുടിച്ചും" മലീമസമായിക്കിടന്ന ഒരു ജനതയെ ഒരു ശുദ്ധികര്‍മ്മത്തിലൂടെ മനുഷ്യരാക്കി ഉയര്‍ത്താനുള്ള തീവ്രശ്രമമായിരുന്നു ഗുരുദേവന്റേത്. അതിനുതടസ്സമായിരുന്ന ജാതി അയിത്തത്തെയും മദ്യത്തെയും ഗുരു ഒരുപോലെ എതിര്‍ത്തു. ഒരു വ്യക്തി സാംസ്കാരികമായി ഉന്നതിയിലേക്ക് വളരുമ്പോള്‍ അത് ചെറുക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുമെന്നത് പ്രകൃതിനിയമമാണ്. അതിനെ തരണംചെയ്യാന്‍ കൂട്ടായ്മയുടെ സംഘടിതബലംവേണമെന്നുകണ്ടാണ് സംഘടനകൊണ്ട് ശക്തരാകാന്‍ ഗുരു നിര്‍ദ്ദേശിച്ചത്. അതായിരുന്നു ഗുരുവിന്റെ സ്വന്തം കര്‍മ്മയോഗ സിദ്ധാന്തം. മദ്യം ഉണ്ടാക്കല്‍ നിറുത്താനും പകരം നെയ്ത്ത് എന്ന കുലത്തൊഴില്‍ ഊര്‍ജിതമാക്കാനും ഗുരുദേവന്‍ നിര്‍ദ്ദേശിച്ചു. മറ്റ് വ്യവസായങ്ങളിലൂടെ സാമ്പത്തികമായി ഉയരാന്‍ സാഹചര്യങ്ങള്‍ ഒരുക്കി. വിദ്യനേടുന്നതിലൂടെ ബുദ്ധിയുടെയും മേധയുടെയും മണ്ഡലത്തില്‍ വരിഞ്ഞുകിടക്കുന്ന ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയപ്പെടുമെന്ന് ഉദ്ബോധിപ്പിച്ചു. മികച്ച സമൂഹനിര്‍മ്മിതിക്ക് മാതൃകയാകുന്ന ജീവിതരീതിയും സാമൂഹ്യക്രമവുമായിരുന്നു ഗുരുവിന്റേത്. എസ്. എന്‍. ഡി. പി യോഗം മുഖേന ഈഴവരില്‍ ഇത് നടപ്പാക്കി. പിന്നീട് തന്റെ സിദ്ധാന്തം സാര്‍വത്രികമാക്കാന്‍ "നമുക്ക് ജാതിയില്ല" എന്നുപറഞ്ഞുകൊണ്ടുതന്നെ സാമുദായിക കെട്ടുപാടുകള്‍ക്കപ്പുറത്തേക്ക് സ്വയം ഉയര്‍ന്ന് ഗുരുദേവന്‍ വഴിതെളിച്ചു. മദ്യ-പെണ്‍വാണിഭ ലോബികള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും കുട്ടികളടക്കം വലിയവിഭാഗത്തെ തങ്ങളുടെ സ്വാധീനത്തിലാക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടും കേരളം പിടിച്ചുനില്‍ക്കുന്നത് ഗുരു സ്വന്തം തപോബലം കൊണ്ട് സൃഷ്ടിച്ച ഈ സാമൂഹ്യക്രമത്തിന്റെ ബലത്താലാണ്. എന്നാല്‍ ഇന്ന് സമൂഹത്തിന്റെ സമസ്തമേഖലകളിലും മദ്യത്തിന്റെ സ്വാധീനം വളരുകയാണ്. ദ്വാപരയുഗത്തിലെ യാദവരുടെ അന്ത്യംപോലെ പരിതാപകരമായ ഒരു വിധിയിലേക്ക് ഗുരുവിന്റെ കേരളവും മാറുകയാണോ?

മദ്യത്തിനെതിരെ ഗുരു ഈഴവരെ മാത്രമാണ് ഉപദേശിച്ചതെന്നും തങ്ങള്‍ക്ക് അത് ബാധകമല്ലെന്നുമാണ് ചിലരുടെ നിലപാട്. ഭഗവദ്ഗീത അര്‍ജുനനോട് മാത്രം ഉപദേശിച്ചതാണ.് അതിനാല്‍ അദ്ദേഹവും കുടുംബക്കാരും മാത്രം വായിച്ചാല്‍ മതിയെന്നു പറയുന്നതുപോലെ നിരര്‍ത്ഥകമാണ് ഈ വാദം. കേരളത്തില്‍ കട്ടപിടിച്ചുകിടന്ന അധമസംസ്കാരത്തിന്റെ കാട്ടുപൊന്തയ്ക്കിടയിലൂടെ ഗുരുദേവന്‍ തന്റെ അനുയായികളുമായി നടന്നപ്പോള്‍ പുല്ലുകള്‍ വഴിമാറി മനുഷ്യത്വത്തിലേക്കുള്ള നടപ്പാത തെളിഞ്ഞത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം. എന്നാല്‍ ആ വിശുദ്ധവഴി പിന്‍പറ്റാന്‍ ആളില്ലെങ്കില്‍ ഒഴിഞ്ഞുമാറിയ കാട്ടുപുല്ലിന് നടപ്പാത കൈയേറാന്‍ അധികം സമയമൊന്നും വേണ്ട. അതിന്റെ ഭീതിജനകമായ തെളിവുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു...
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Re: വിശുദ്ധ വഴിത്താരയില്‍ കട്ടുപുല്ല് മുളയ്കുമ്പോള്‍!!

Postby prasadjbp » Fri Mar 09, 2012 11:42 pm

A good article.....
* * * * *

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

....ആത്മോപദേശശതകം.....ശ്രീനാരായണഗുരു
User avatar
prasadjbp
Moderator
 
Posts: 111
Joined: Thu Nov 06, 2008 10:54 pm

Re: വിശുദ്ധ വഴിത്താരയില്‍ കട്ടുപുല്ല് മുളയ്കുമ്പോള്‍!!

Postby praveen » Fri Apr 06, 2012 9:31 am

Good article... Thanks Gopu...
Thanks,
Praveen
Gurudevan.Info

-------------------------------------------------------------------------------------------
Work from Home | Malayalam Fun | AMIE Students | Technical Discussion
User avatar
praveen
Site Admin
 
Posts: 42
Joined: Thu Oct 23, 2008 1:42 pm
Location: TVM


Return to ARTICLES ABOUT SREENARAYANAGURU

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.