ആ പഴമുറത്തിനും പുതിയ അവകാശികള്‍...

The articles witten by devotees of SreeNarayanaGurudevan.

ആ പഴമുറത്തിനും പുതിയ അവകാശികള്‍...

Postby manu » Sun Jun 19, 2011 9:39 am

ആ പഴമുറത്തിനും പുതിയ അവകാശികള്‍...

ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രാങ്കണത്തില്‍ ഗുരുദേവന്‍ വന്നിരിക്കുന്നു എന്ന് ടി.സി. കേശവന്‍ വൈദ്യരാണ് വാടപ്പുറം പി.കെ. ബാവയ്ക്ക് വിവരം നല്‍കിയത്. അറിഞ്ഞപാടേ ഓടിക്കിതച്ച് ബാവ ഗുരുസവിധത്തില്‍ എത്തി. ആലപ്പുഴയില്‍ വെളളക്കാര്‍ നടത്തിയിരുന്ന ഡറാസ് മെയില്‍ കമ്പനിയില്‍ ചാട്ടവാറടിയും പീഡനങ്ങളുമേറ്റ് തുച്ഛവരുമാനത്തിന് ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട അനേകരില്‍ ഒരാളാണ് ബാവ. "ഞങ്ങളെ സഹായിക്കണം സ്വാമീ" എന്ന് തേങ്ങിയ ബാവയെ ഗുരുദേവന്‍ കരുണാര്‍ദ്രമായി നോക്കി. നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ അടിമകളെപ്പോലെ പണിയെടുത്ത് ഒരു നേരത്തെ വിശപ്പടക്കാന്‍പോലും പാടുപെടുന്ന വലിയസമൂഹം തൊഴിലാളികളുടെ വേദനയാണ് ഗുരു കണ്ടറിഞ്ഞത്.

"നാം പറയുന്നത് നിങ്ങള്‍ക്ക് രക്ഷയാകുമോ?"ഗുരു ചോദിച്ചു.

"അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ" ബാവ ബോധിപ്പിച്ചു.

"എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ." തൊഴിലാളിവര്‍ഗത്തിന്റെ മോചനകാഹളം മുഴക്കിയ ആ പ്രഖ്യാപനം ആഹ്ളാദത്തോടെയാണ് ബാവ ശ്രവിച്ചത്. ബാവ തന്റെ സഹപ്രവര്‍ത്തകരുമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അങ്ങനെ 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി.കെ. ബാവയ്ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന്‍ പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യ അതിഥിയായി എത്തിയത് ഗുരുശിഷ്യനായ സ്വാമി സത്യവ്രതന്‍. ഗുരു പറഞ്ഞയച്ചതായിരുന്നു അദ്ദേഹത്തെ. "ഭയപ്പെടേണ്ട... തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക" എന്ന ഗുരുസന്ദേശം അദ്ദേഹം അവിടെ വായിച്ചു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ഉയര്‍ത്തിയ സംഘടനാ ശക്തിക്കുമുന്നില്‍ സായ്പിന്റെ ഉമ്മാക്കികള്‍ വിലപ്പോയില്ല എന്നതായിരുന്നു പിന്നീടുളള ചരിത്രം. പിന്നീട്് വര്‍ഷങ്ങള്‍ക്ക് ശേഷം 1938ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചത് ഈ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചായിരുന്നു. പി. കൃഷ്ണപിളള, ആര്‍. സുഗതന്‍, കെ.പി. പത്രോസ്, ടി.വി. തോമസ്, പി. കേശവദേവ് എന്നീ ജനനേതാക്കള്‍ കമ്മ്യൂണിസത്തിലേക്ക് വന്നത് ഈ സംഘടനാപാരമ്പര്യത്തില്‍ നിന്നാണ്. വര്‍ത്തമാനകാലത്ത് നമ്മെ പരിചയപ്പെടുത്തുന്ന തൊഴിലാളിസമരചരിത്രങ്ങളിലൊന്നും ഈ കഥകള്‍ കേള്‍ക്കാന്‍ വഴിയില്ല. കേള്‍പ്പിക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടെന്നതും വിസ്മരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ ഇരുട്ടുപിടിച്ചുകിടന്ന ബോധമണ്ഡലത്തില്‍ അറിവിന്റെ വെളിച്ചമായി ഉദിച്ച ഗുരുവിനെ തമസ്കരിച്ച് ആ സ്ഥാനത്ത് കരിതുപ്പുന്ന ചില മണ്ണെണ്ണവിളക്കുകളെ പ്രതിഷ്ഠിക്കാന്‍ പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. മാനവസമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഗുരു അരുളിയതൊക്കെയും കേരളത്തിന്റെ സമസ്തമേഖലകളിലും ഗുരു ശിഷ്യരും ഭക്തരും ചേര്‍ന്ന് പ്രവൃത്തിപഥത്തില്‍ എത്തിച്ചു എന്നതാണ് യഥാര്‍ത്ഥ ചരിത്രം.

എന്നാല്‍ ഇന്ന് പഠിക്കാന്‍ വിധിക്കപ്പെടുന്ന ചരിത്രങ്ങളില്‍ അന്യരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ബിംബങ്ങളാണ് ഈ സ്ഥാനത്ത് പൂജിക്കപ്പെടുന്നത്. ഈ തമസ്കരണം ഗുരുദേവന്‍ സശരീരനായിരുന്ന കാലം മുതല്‍ക്കേ ഉളളതാണ്. വൈക്കം സത്യാഗ്രഹകാലത്ത് ഗുരുദേവന്‍ സത്യാഗ്രഹത്തിന് അനുകൂലിയല്ലെന്നും ക്ഷേത്രമതില്‍ ചാടിക്കടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു എന്നും കാണിച്ച് ഗാന്ധിജിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. കെ.എം. കേശവന്‍ എന്ന മാന്യന്‍, ഗുരു ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതൊക്കെയും വളച്ചൊടിച്ച് അന്നത്തെ ദേശാഭിമാനിയില്‍ അഭിമുഖസംഭാഷണമായി എഴുതിയതാണ് ഗാന്ധിജിയെ തെറ്റിദ്ധരിപ്പിച്ചത്. ഈ അഭിമുഖം കണ്ടിട്ട് ഗുരുവിന്റെ നിലപാടുകള്‍ക്കെതിരെ 1924 ജൂണ്‍ 19ലെ യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതി. ഇക്കാര്യത്തില്‍ ഉണ്ടായ തെറ്റിദ്ധാരണ തിരുത്തിക്കൊണ്ട് ഗുരുവിന്റെ സന്ദേശം ലഭിച്ചപ്പോഴാണ് ഗാന്ധിജിക്ക് കാര്യം ബോധ്യപ്പെട്ടത്. വൈക്കം സത്യാഗ്രഹത്തിന് നിമിത്തമായത് ഗുരുദേവനെ അയിത്തത്തിന്റെ പേരില്‍ ക്ഷേത്രപരിസരത്ത് തടഞ്ഞുവച്ചതാണെന്നത് ചരിത്രം രേഖപ്പെടുത്തിയ സത്യമാണ്. ഗുരുശിഷ്യനായ ടി.കെ. മാധവനാണ് സത്യാഗ്രഹത്തിന്റെ നേതാവ്. സത്യാഗ്രഹികള്‍ക്ക് വൈക്കത്ത് വെല്ലൂര്‍ മഠം വിട്ടുകൊടുത്ത ഗുരു അവിടം സന്ദര്‍ശിച്ച് അവര്‍ക്ക് ധാര്‍മ്മിക പ്രചോദനവും നല്‍കി. എന്നാല്‍ അടുത്തകാലത്ത് ചില ആധുനികചരിത്രകാരന്മാരും പ്രചരിപ്പിക്കുന്നത് ഗുരുവിന് വൈക്കം സത്യാഗ്രഹവുമായി ബന്ധമില്ലെന്നാണ്. സൂര്യനുദിച്ചുവരുമ്പോള്‍ പഴമുറം കൊണ്ടു മറയ്ക്കുന്നവരുടെ വംശം അറ്റുപോയിട്ടില്ലെന്നതിന് തെളിവാണിത്. ആര്‍ക്കുവേണ്ടിയാണ് ഈ പ്രയത്നങ്ങള്‍? പുതിയ തലമുറ ചരിത്രം പഠിക്കാന്‍ മെനക്കെടാത്തതാണ് ഇത്തരക്കാര്‍ക്ക് വളമാകുന്നതെന്നേ പറയാനുള്ളൂ.

കടലിനെക്കാള്‍ അഗാധമായ അറിവ് നിറച്ചുവച്ച സാഹിത്യസൃഷ്ടികള്‍ കൊണ്ട് മനുഷ്യായുസ്സിന് മുഴുവന്‍ പൂജനീയനായ ഗുരുദേവനെ സാഹിത്യചരിത്രങ്ങളില്‍ വെറും പരാമര്‍ശമാക്കി ഒതുക്കിയത് ആരും കാണുന്നില്ല. ഗുരുദേവനെന്ന സത്യസ്വരൂപത്തെ ഒരു പടല പഴം ഉരിഞ്ഞുവച്ച് കത്തിച്ചുവച്ച ചന്ദനത്തിരിക്കുമുന്നില്‍ എവിടെയെങ്കിലും മഞ്ഞപുതപ്പിച്ച് ഒതുക്കിയിരുത്താമെന്നാണ് ചിലരുടെ വ്യാമോഹം. അനേകം സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളെന്ന മട്ടില്‍ നൂറ്റിയെട്ട് പടങ്ങള്‍ക്കിടയില്‍ ഔദാര്യമെന്നപോലെ ഗുരുവിനെ തിരുകിവയ്ക്കാന്‍ ശ്രമിക്കുന്നു മറ്റൊരുകൂട്ടര്‍. ഗുരുജീവിതത്തിന്റെ അതിവിശാലമായ വാതിലുകള്‍ തുറന്നു കിടന്നിട്ടും ഒന്നെത്തിനോക്കാന്‍ മടിച്ച് മറ്റെന്തിന്റെയൊക്കെയോ പിന്നാലേ സമാധാനം തേടിപ്പായുന്നു വേറൊരുവിഭാഗം. ഗുരുവിനെ അറിയാന്‍ ശ്രമിക്കാതെ ധര്‍മ്മപ്രചാരകരാകുന്ന ഒരു ചെറിയ വിഭാഗവും ഇവിടെയുണ്ട്. ഇവര്‍ നല്‍കുന്ന തെറ്റിദ്ധാരണകളേറ്റുവാങ്ങി ഗുരുദേവസാഹിത്യം വിഷലിപ്തമാകുന്നു. സര്‍ക്കാര്‍ ചെലവില്‍ ശ്രീനാരായണ ധര്‍മ്മം പ്രചരിപ്പിക്കാന്‍ ശ്രമവുമായി ഇറങ്ങിയ ഒരു നേതാവ് ചെമ്പഴന്തിയിലെ വയല്‍വാരം വീടുകാണാന്‍ എത്തിയിട്ട് ചോദിച്ച ഒരു ചോദ്യം ഇവിടെ പരാമര്‍ശിച്ച പ്രശ്നങ്ങളുടെ കാഠിന്യം വ്യക്തമാക്കുന്നതാണ്: "ഈ കുടിലും ശ്രീനാരായണഗുരുവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ബന്ധം?"

സജീവ് കൃഷ്ണന്‍ (kerala kaumudi daily)
Thanks,
Manu


Man’s humanity marks out the human kind
Even as bovinity proclaims a cow.
Brahminhood and such are not thus-wise;
None do see this truth, alas!

-------SreeNarayanaGuru---------
User avatar
manu
Valuable Contributor
 
Posts: 259
Joined: Mon Nov 10, 2008 12:41 pm
Location: Ettumanoor,Kottayam,Kerala

Return to ARTICLES ABOUT SREENARAYANAGURU

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.