“ആത്മോപദേശശതകം - ശ്രീനാരായണഗുരു
1
അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
3
വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.
4
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.
5
ഉലകരുണര്‍ന്നുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തുനില്‍ക്കും
വിലമതിയാത വിളക്കുദിക്കയും പിന്-
പൊലികയുമില്ലിതു കണ്ടു പോയിടേണം.
6
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികല്‍പ്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വ്വികാരരൂപം?
7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
8
ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.
9
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.
10
“ഇരുളിലിരുപ്പവനാര്? ചൊല്‍ക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.

News