SreeNarayanaguru's Views on Education

The articles witten by devotees of SreeNarayanaGurudevan.

SreeNarayanaguru's Views on Education

Postby gopu » Fri Mar 09, 2012 4:00 am

വിദ്യാഭ്യാസ വിച്ചക്ഷണനായ ശ്രി നാരായണഗുരു
=============================
സ്വാമി ഋതംഭരാനന്ദ(ജനറല്‍ സെക്രട്ടറി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്)

വിശ്വമാനവികതയുടെ മഹാപ്രവാചകനും അധഃസ്ഥിത ജനസമൂഹത്തിന്റെ വിമോചകനുമായ ശ്രീനാരായണഗുരു ലോകം കണ്ടിട്ടുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ അദ്വിതീയനാണ്. വിഷയാധിഷ്ഠിതങ്ങളായ ഭൌതികശാസ്ത്രത്തെ, സര്‍വ വിഷയങ്ങള്‍ക്കും വിഷയി ആയി നിലകൊള്ളുന്നതും സര്‍വമാറ്റങ്ങള്‍ക്കും അധിഷ്ഠാനമായി ഭവിക്കുന്നതുമായ ആത്മബോധത്തോട് ചേര്‍ത്ത് വിശകലനം ചെയ്തു സ്വാംശീകരിക്കാനും അത് ലോക സംഗ്രഹാര്‍ത്ഥം പ്രയോഗത്തില്‍ വരുത്താനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ ദര്‍ശനമാണ് ഗുരുദേവന്‍ ആവിഷ്കരിച്ചത്. ഗുരുദേവ സന്ദേശങ്ങളില്‍ ഏറ്റ വും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത്. അതായത് അറിവിലൂടെ അവനവന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടാവുക. വിദ്യാഭ്യാസം സത്യത്തിന്റെ അകവും പുറവും വെളിവാക്കുന്നു; ജീവിതത്തിന്റെ വ്യാവഹാരിക തലങ്ങളെ അഭിമുഖീകരിക്കാന്‍ പാകപ്പെടുത്തുന്നു; പൂര്‍ണ്ണ മനുഷ്യനെ രൂപപ്പെടുത്തുന്നു; ബുദ്ധിശക്തിയെയും ധൈര്യത്തെയും വൈകാരികതലങ്ങളെയും വികസിപ്പിക്കുന്നു. സമഗ്രവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ സങ്കല്പമാണ് ഗുരുദേവനുണ്ടായിരുന്നത്. ഈ വീക്ഷണത്തിന്റെ അന്തിമമായ ലക്ഷ്യം വിശ്വമാനവികതയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും ഏകതാനതയിലേക്ക് ഉയരുന്നതിനും ആത്മനിര്‍വൃതി പ്രാപിക്കുന്നതിനും മനുഷ്യനെ സജ്ജമാക്കുക എന്നതാണ്. തീര്‍ത്തും അപരിഷ്കൃതവും സംസ്കാരശൂന്യവുമായ ജീവിതാവസ്ഥയില്‍ നിന്ന് പരിഷ്കൃതമായ സാമൂഹികാവസ്ഥയിലേക്ക് മനുഷ്യനെ പരിവര്‍ത്തനപ്പെടുത്തുന്നതാണ് ഗുരുവിന്റെ വിദ്യാഭ്യാസ പരിപാടികള്‍. ഗുരുദേവന്റെ വിദ്യാഭ്യാസ പദ്ധതികള്‍ വിലയിരുത്താനും വിശകലനം ചെയ്യാനും ശ്രമിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം കൂടി ഗുരുദേവന്‍ കൈകാര്യം ചെയ്തിരുന്നു എന്ന താണ്. ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങള്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരെയും പിടികൂടിയിരുന്നു. എന്നാല്‍, സംസ്കൃതഭാഷയും സാഹിത്യവും ജ്യോതിഷവും ആയുര്‍വേദവുമൊക്കെ ബുദ്ധിസത്തിന്റെ തിരുശേഷിപ്പായി കേരളത്തിലെ അവര്‍ണ സമുദായങ്ങളിലേക്ക് അരിച്ചരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അവരില്‍പ്പെട്ട സമൂഹത്തിലെ ഗണനീയരും ധനവാന്മാരുമായ കുടുംബക്കാര്‍ അവരുടെ കുട്ടികളെ ഈ വിഷയങ്ങളെല്ലാം പരിശീലിപ്പിച്ചിരുന്നു. അന്നത്തെ പരമ്പരാഗതമായ ശൈലിയില്‍ ഗുരുദേവന്‍ ഈ വിഷയങ്ങളിലെല്ലാം തികഞ്ഞ അവഗാഹം നേടുകയുണ്ടായി. ഇന്ത്യ മുഴുവന്‍ വീശിയടിച്ച സാമൂഹ്യമാറ്റത്തിന്റെ കാറ്റ് സഹ്യാദ്രിയും കടന്ന് കേരളത്തിലുമെത്തിയിരുന്നു. പുരോഗമനചിന്താഗതിക്കാരായ യുവജനങ്ങള്‍ കിരാതമായ സാമൂഹ്യ വ്യവസ്ഥകളുടെ പ്രാമാണ്യത്തെയും സവര്‍ണര്‍ക്കുമാത്രം അധികാരപ്പെട്ട വിദ്യാഭ്യാസത്തെയും ചോദ്യം ചെയ്തു തുടങ്ങി. മാറ്റത്തിനായി സമൂഹം വ്യഗ്രതപ്പെട്ടു. ഇതിന് നേതൃത്വം നല്‍കുന്നതിന് ഗുരുദേവനെക്കാള്‍ യോഗ്യനും അര്‍ഹനുമായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ സര്‍വതോന്മുഖമായ പുരോഗതിക്കായി ഗുരുദേവന്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. ഗുരുദേവന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ഔദ്യോഗിക സമുദ്ഘാടനമായി അരുവിപ്പുറം പ്രതിഷ്ഠയെയും ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ സംസ്ഥാപനത്തെയും കണക്കാക്കാം. ഗുരുദേവന്‍ നടത്തിയ ശിവലിംഗ പ്രതിഷ്ഠ അധഃപതിക്കപ്പെട്ടു കിടന്നിരുന്ന സമൂഹത്തിന്റെ കര്‍മ്മധീരതയെ ഉത്തേജിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു. അതേസമയം ഗര്‍വിഷ്ഠരായ സവര്‍ണരുടെ പ്രതാപത്തെയും അഹന്തയെയും അത് ഞെട്ടിപ്പിച്ചു. അനാചാരങ്ങളെ അതിലംഘിച്ച ഈ സംഭവത്തോടെ മനുഷ്യനും ദൈവത്തിനുമിടയില്‍ പരമ്പരാഗതമായി തീര്‍ക്കപ്പെട്ടിരുന്ന വേര്‍തിരിവിന്റെ ഭിത്തികള്‍ തകര്‍ന്നുവീണു. അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍ വിശ്വസാഹോദര്യത്തിന്റെ മഹാസന്ദേശം ഗുരുദേവന്‍ ആലേഖനം ചെയ്തു. ഒരു മാനവികതാവാദിക്ക് മനുഷ്യര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ദേവതാരാധനയും പ്രതിഷ്ഠയും നടത്തുന്നതിനുള്ള മൌലികാവകാശത്തിന്റെ ദൃഢപ്രഖ്യാപനമായിരുന്നു ഇത്. ഒരു പുരോഗമനവാദിക്ക് പൌരോഹിത്യശക്തിയുടെ മരണമണിയായിരുന്നു ഇത്. ഒരു ദാര്‍ശനികന് ഒരു ദൈവം മനുഷ്യന് എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകമായിരുന്നു ഇത്. അജ്ഞാനികള്‍ക്ക് ഇത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പ്രാഥമിക പാഠമായിരുന്നു. വിദ്യാഭ്യാസ വിജ്ഞാപനം ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ഗുരുദേവന്റെ ആജ്ഞാനുസരണം ദേശങ്ങള്‍തോറും സഞ്ചരിച്ച് ജനങ്ങളുടെ ക്ഷേമത്തിനും ഉന്നതിക്കുമായി പ്രസംഗങ്ങളും പ്രചാരണങ്ങളും നടത്താനായി ചിലരെ നിയോഗിക്കുകയുണ്ടായി. പ്രസംഗത്തിനു ആസ്പദമായിരിക്കേണ്ട വിഷയങ്ങളും ഗുരുദേവന്‍ തന്നെ നിര്‍ദ്ദേശിച്ചു. ഗുരുദേവന്റെ വിദ്യാഭ്യാസ സംബന്ധമായ വിജ്ഞാപനമായി ഇവയെ പരിഗണിക്കാം. മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നിവയായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങള്‍. അന്നു നിലവിലിരുന്ന എല്ലാ സാമൂഹ്യ സാഹചര്യങ്ങളിലേക്കുമുള്ള താക്കോലായിരുന്നു ഇത്. മുതിര്‍ന്നവര്‍ക്ക് അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ സാക്ഷരതയും സാമൂഹ്യബോധവും ഉണ്ടാക്കാനുള്ള സമഗ്ര പാഠ്യപദ്ധതിക്ക് വേണ്ടതെല്ലാം ഇതിലുമുണ്ടായിരുന്നു. ഓരോ ദേശത്തും പഠിപ്പിക്കേണ്ടതായ വിഷയങ്ങളെ പ്രത്യേകം പട്ടിക തിരിച്ച് നല്‍കിയിരുന്നു. ഗുരുവിന്റെ രചനകളും സംഭാഷണങ്ങളും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം മനുഷ്യവര്‍ഗോദ്ധാരണത്തിനുള്ള മഹത്തായ പാഠങ്ങളായിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കുമ്പോള്‍ ഗുരുദേവന്‍ കല്പിച്ച നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ പദ്ധതികളുടെ സംക്ഷിപ്ത വിജ്ഞാപനമായിരുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കച്ചവടം, കൈത്തൊഴില്‍, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളാണ് തീര്‍ത്ഥാടന ലക്ഷ്യങ്ങളായി ഗുരു കല്പിച്ചത്. ഈ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയവരെ കൊണ്ടുവന്ന് പ്രസംഗങ്ങള്‍ നടത്തിക്കുകയും അങ്ങനെ നേടുന്ന അറിവുകള്‍ അവനവന്റെയും നാടിന്റെയും പുരോഗതിക്കായി പ്രയോജനപ്പെടുത്തണമെന്നും ഗുരു നിര്‍ദേശിച്ചു. ആത്മാവിന്റെയും ശരീരത്തിന്റെയും സമ്യക്കായ ചേര്‍ച്ചയാണ് മനുഷ്യന്‍. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇതു രണ്ടിനെയും ഒത്തൊരുമിച്ച് പരിപോഷിപ്പിക്കണം. ഈ ആവശ്യം നിറവേറ്റുന്നതിനുള്ള വിദ്യാഭ്യാസ ഉദ്യമങ്ങളായിരുന്നു ഗുരുവിന്റേത്. ഒരേസമയം പരമ്പരാഗതവും ആധുനികവുമായ വിദ്യാഭ്യാസം ജനങ്ങളിലുണ്ടാകേണ്ടതിന്റെ ആവശ്യകത തൃപ്പാദങ്ങള്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുകയായിരുന്നു. പ്ളേറ്റോയുടെ ഉത്കൃഷ്ടമായ സമീപനരീതിയെയും ആധുനിക മാര്‍ക്സിയന്‍ ചിന്തകളെയും അതിലളിതമായി സമന്വയിപ്പിച്ച ഗുരു നിശ്ചയമായും കാലാതീതനായ യുഗപുരുഷനാണ്.

(സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംക്ഷിപ്തരൂപം)

(കേരളകൌമുദി)
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to ARTICLES ABOUT SREENARAYANAGURU

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.