Narayana Guru by Natraja Guru malayalam Article part1
Narayana Guru by NatarajaGuru:
(courtesy-Gurukualam Philosophical Monthly; Vol.5, No.12, March 1969,ed.Nitya Chaitanya Yati.)
Narayana Guru by Natraja Guru malayalam Article part1
Narayana Guru by NatarajaGuru:
(courtesy-Gurukualam Philosophical Monthly; Vol.5, No.12, March 1969,ed.Nitya Chaitanya Yati.)
ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു ൧൮൫൪ ആഗസ്റ്റ് മാസം൨൦-ആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് ൧൦ നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു ൨൦ വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ, പാരമ്പര്യത്തെക്കുറിച്ചൊ,സമ്പല്‍പ്രൌഢിയിക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്‍ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു
പ്രായപൂര്‍ത്തിയെത്തിയതിനുശേഷം,പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷികകുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്‍ടു വൈവിധ്യമാര്‍ന്ന ഇന്ന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്കജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിട നല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്‍ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.
ബാല്യകാലത്ത് തടികുറഞ്ഞ്,കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്‍ടായിരുന്നത്. ഉന്നാം പിഴക്കാത്ത ആ ബാലന്‍,വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും,ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്‍ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ,കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്‍ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്‍ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്‍ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചുനോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

News