Atmavilasam ആത്മവിലാസം - Sri Narayana Guru

Works of sreenarayana guru

Atmavilasam ആത്മവിലാസം - Sri Narayana Guru

Postby shankara_2000 » Thu Jul 09, 2009 9:07 am

(ബ്രഹ്മശ്രീ ശിവലിംഗസ്വമികളുടെ നോട്ട്ബുക്കില്‍ നിന്ന്)

ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടൊഇയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിനു ശക്തിയില്ല. കണ്ണിനെ കണ്ണിനെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ നാം കാണുന്നില്ല. നമ്മുടെ മുമ്പില്‍ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോള്‍ നാം ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ നിഴലിന് നമ്മെ കാണുന്നതിന് ശക്തിയില്ല. നിഴല്‍ ജഡമാകുന്നു. നമുക്ക് നമ്മെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. നാം നമ്മില്‍ കല്‍പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളില്‍ നിര്‍ക്കുന്ന നിഴലിനെയും തന്നേ കാണുന്നുള്ളൂ. അപ്പോള്‍ നമ്മെ കാണുന്നത് നമ്മുടെ മുകളില്‍ നില്‍ക്കുന്ന ദൈവമാകുന്നു. ചുരുക്കം, കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളില്‍ നില്ക്കുന്ന നമ്മുടെ നിഴല്‍ , കണ്ണ്, കയ്യിലിരിക്കുന്ന കണ്ണാടി, ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന കണ്ണിന്റെ നിഴല്‍ ഇതഞ്ചും നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു. കണ്ണ് കണ്ണിന്റെ നിഴലിനെയും, കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ. നാം നമ്മുടെ നിഴല്‍ , കണ്ണാടി, കണ്ണ്, കണ്ണിന്റെ നിഴല്‍ , കയ്യിലിരിക്കുന്ന കണ്ണാടി, ഇതാറും ദൈവത്തിന്റെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് ദൈവമാകുന്നു.

ഓ! ഇത് ഒരു വലിയ ആശ്ചര്യമാകുന്നു! നാമെന്നല്ല നമ്മാല്‍ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന് ദൈവം ഇടം കൊടുത്തിരിക്കുന്നു. ഇതുകൂടാതെ ഇതിനെയൊക്കെയും ദൈവം തന്നെ കാണുകയും ചെയ്യുന്നു. അപ്പോള്‍ ദൈവം ഒരു ദിവ്യമായ കണ്ണാടിയും കണ്ണുമായിരിക്കുന്നു. ഓ! ഇതാ! ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയില്‍ ഒരു പുതിയ മലയെ കാണുന്നു. അപ്പുറം ഇതാ ഒരു പടം കാണുന്നു. ഇത് നാം പണ്ടു കണ്ടിട്ടുള്ളതാണെന്നു തോന്നുന്നു. ഓ! ഇത് മരുന്നുമാമലയും കന്യാകുമാതിയും മധുരയും കാശിയും ചിദംബരവും നമ്മുടെ ഉള്ളില്‍ അടുത്തടുത്തു കാണുന്നു. ഓ! ഇതാ ഒരു ആനയോടിക്കുന്നു. നാം പേടിച്ച് മലയുടെ മുകളിലേറുന്നു. ഇവിടെയിരിക്കുന്ന യോഗീശ്വരനോട് നാം ഉപദേശം കേട്ട് യോഗാഗ്നിയില്‍ ദഹിക്കുന്നു. ഓ! ഇതാ ഇങ്ങനെ കിനാവു കണ്ടുകൊണ്ടു ഉണര്‍ന്ന് നിഷ്കമ്പമായിരുന്ന് നെടുമൂച്ചു വിടുന്നു.

ചിത്രം! ഇതാ! നാം മയങ്ങി എഴുന്നിരുന്നുകൊണ്ട് അന്നുമറിയാതെ സുഖമായുറങ്ങി - എന്നിങ്ങനെ നമ്മുടെ മുമ്പില്‍ നില്‍ക്കുന്ന പെരുവെളിയില്‍ ഒരു അജ്ഞാനത്തെയും അഹങ്കാരത്തെയും വെറുതെ കല്പിച്ചു വ്യവഹരിക്കുന്നു. ഓ! ഇതാ! കിളിവാതിലില്‍ക്കൂടി വരുന്ന സൂര്യകിരണത്തില്‍ കിടന്നുമറിയുന്ന ധൂളിപോലെ അണ്ഡകോടികള്‍ മറിയുന്നു.

ഓ! ഇതാ! ഇതൊക്കെയും നമ്മിലടങ്ങി നാം നമ്മുടെ മുകളില്‍ നില്ക്കുന്ന ദിവ്യമായ കണ്ണാടിയില്‍ മറയുന്നു. ഈ കണ്ണാടി നമ്മുടെ ദൈവമാകുന്നു.

ഓ! ഇതാ! പിന്നെയും കാനലില്‍ നിന്ന് വെള്ളം പൊങ്ങി വരുന്നതുപോലെ ഇതൊക്കെയും ദൈവത്തില്‍ നിന്ന് പൊങ്ങി വരുന്നു. എന്നാല്‍ ദൈവാംശമായ നമ്മുടെ ഉള്ളില്‍ ഇതിനെയൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നു എന്നു താത്പര്യം.

ഓ! ഇതാ! ഇതൊക്കെയും നമ്മോടുകൂടി ദൈവം തന്റെ വ്യാപകദര്‍പ്പണത്തില്‍ എടുത്തുവിരിച്ച് വിസ്താരമുള്ള കണ്ണുകൊണ്ട് നോക്കുന്നു. പിന്നെയും കണ്ണിലടക്കുന്നു. മറുപടിയും കണ്ണില്‍നിന്ന് വെളിപ്പെടുത്തുന്നു. ഇത് ദൈവത്തിന് ഒരു കളിയാകുന്നു. ഇത് ദൈവാംശമാകുന്നു. അല്ല ദൈവം അംശമില്ലാത്തതാകുന്നു. അതുകൊണ്ട് ദൈവാംശമെന്നു പറഞ്ഞുകൂടാ. പിന്നെ വല്ല പരമാണുവില്‍ നിന്ന് പരിണമിച്ചതോ? എന്നാല്‍ അതുമല്ല. എന്തുകൊണ്ടെന്നാല്‍ പരമാണുക്കള്‍ ദൈവത്തില്‍ വിവര്‍ത്തങ്ങളാകുന്നു. വിവര്‍ത്തമെന്നാല്‍ ഇവിടെ നിഴലാകുന്നു. നിഴലിന് വേറൊന്നായി മാറുന്നതിന് കഴിയുന്നില്ല. മറ്റൊന്നിനും ദൈവത്തിലിരിക്കുന്നതിന് ദൈവമാഹാത്മ്യം ഇടം കൊടുക്കുന്നില്ല. അതുകൊണ്ട് ഇതിനെ വേറൊന്നിന്റെ അംശമെന്നും പറഞ്ഞുകൂടാ. അപ്പോള്‍ ഈ കാണപ്പെടുന്നതൊക്കെയും അനിര്‍വചനീയമാകുന്നു. ഇതൊക്കെയും അഞ്ജനക്കാരന്റെ മഷിയില്‍ തെളിയുന്ന ദേവതപോലെയിരിക്കുന്നു. ഇതിന്റെ ബിംബം ദൈവത്തിലിരിക്കുന്നു. ഇത് നിഴലാകുന്നു. ഇപ്പോള്‍ ഈ കാണപ്പെടുന്നതും ദൈവവും നാമും ആയിരിക്കുന്ന ഇതൊക്കെയും ദൈവത്തിലടങ്ങുമ്പോള്‍ ദൈവം തന്നെയായിരിക്കുന്നു. ഇത് ദൈവത്തിന്റെ വ്യാപകതയെ കെടുക്കുന്നില്ല. നിഴലിന് യാതൊന്നിന്റെയും വ്യാപകതയെ ഭേദിക്കുന്നതിന് കഴിയുന്നില്ല; എന്നു തന്നെയല്ല, നിഴലിനെ യാതൊരു വ്യാപകതയും കളയുന്നില്ല.

ഓ! ഇതാ! ഇതൊക്കെയും മനോവേഗമുള്ള ഒരു ഘടീയന്ത്രം പോലെ ആദ്യന്തമില്ലാതെ കറങ്ങുന്നു. വിസ്മയം! നാം നമ്മുടെ കണ്ണിനെ കാണുന്നു. നമ്മെ ദൈവം കാണുന്നു. നാം നമ്മുടെ ശ്രുതിയെ ശ്രവിക്കുന്നു. ദൈവം നമ്മെ ശ്രവിക്കുന്നു. നാം ത്വക്കിനെ സ്പര്‍ശിക്കുന്നു. നമ്മെ ദൈവം സ്പര്‍ശിക്കുന്നു. നാം നമ്മുടെ നാവിനെ രസിക്കുന്നു. നമ്മെ ദൈവം രസിക്കുന്നു. നാം നമ്മുടെ മൂക്കിനെ മണക്കുന്നു. നമ്മെ ദൈവം മണക്കുന്നു. നാം വാക്കിനെ തള്ളിവിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല. ദൈവം തള്ളിവിടുന്നു. നാം കൈയെ ആദാനം ചെയ്യിക്കുന്നു. നമ്മെ കൈ ആദാനം ചെയ്യിക്കുന്നില്ല. ദൈവം ആദാനം ചെയ്യിക്കുന്നു. നാം കാലിനെ നടത്തുന്നു. നമ്മെ കാലു നടത്തുന്നില്ല. ദൈവം നടത്തുന്നു. നാം ദൈവത്തെ നടത്തുന്നില്ല. നാം ഗുദത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നു. നാം ദൈവത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നില്ല. നാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു. നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം നമ്മെ ആനന്ദിപ്പിക്കുന്നു. നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.

ഓ! ഇതാ! ദൈവത്തില്‍ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേള്‍ക്കുകയും ത്വക്കില്ലാതെ സ്പര്‍ശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു. നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ശരീരം ജഡമാകുന്നു. പഴുത്തിരിക്കുന അയോഗോളം തേജോമയമായിരിക്കുന്നതുപോലെ നാം കണ്ണു തുറന്നു നോക്കുമ്പോള്‍ നമ്മുടെ ശരീരം തേജോമയമായിരിക്കുന്നു. ഓ! ഇതാ! ഇപ്പോള്‍ കാണപ്പെടുന്നതൊക്കെയും ഇതിപോലെ തേജോമയമായിരിക്കുന്നു.

ഓ! നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു.

ഓ! ഇതൊക്കെയും കാനലില്‍ നിന്നു കവിയുന്ന വെള്ളമാകുന്നു. ദൈവം കാനലാകുന്നു.

ഓ! നാം ഇതുവരെയും ബഹിര്‍മുഖനായിരിക്കുന്നു. ഇനി അന്തര്‍മുഖത്തോടുകൂടിയവനാത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുമ്പില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു!

പരമകാരുണികനാരായണഗുരുസ്വാമിഭിഃ ശിഷ്യാനുഗ്രഹാര്‍ത്ഥം പരബ്രഹ്മമാഹാത്മ്യമിദം വിരചിതമത്യദ്ഭുതമനിര്‍വ്വചനീയം
shankara_2000
Valuable Contributor
 
Posts: 54
Joined: Tue Jun 23, 2009 10:58 pm

Re: Atmavilasam ആത്മവിലാസം - Sri Narayana Guru

Postby gopu » Thu Jul 09, 2009 6:47 pm

I keep on searched this for long time, thanks for the post
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia


Return to Works of sreenarayana guru

Who is online

Users browsing this forum: No registered users and 0 guests